Saturday, May 2, 2015

എന്റെ അമ്മയുടെ  ഓര്‍മ്മയിലെ ഓണം ...




 എന്റെ അമ്മയുടെ  ഓര്‍മ്മയിലെ ഓണം ...




അത്തം മുതല്‍ 10 ദിവസവും പൂക്കളമിടും. എല്ലാ ദിവസവും ഉച്ചകഴി‌‌‌‌‍ഞ്ഞ് ഇലക്കുമ്പിളുമായി കൂട്ടുകാരുമൊത്ത്
 പൂപറിക്കാന്‍ പോകും. തുമ്പപ്പു, കാക്കപ്പു, കിളിപ്പു, ചിരവപ്പു എന്നീ പൂക്കളാണ് പറിക്കുന്നത്.
  മുക്കൂറ്റി അതാത് ദിവസം രാവിലെയാണ് പറിക്കുക. അച്ഛന്‍ ആണ് പൂക്കളമിടാന്‍ കൂടുന്നത്. ഞാനും അനിയത്തിയും അച്ഛനും കൂടിപൂക്കളം ഇടും. ആദ്യം ചാണകം കൊണ്ട് കളമെഴുതും.മൂലം നാളില്‍ മൂലകള്‍ ഉള്ള കളങ്ങളാണ് ഇടുക. അത്തത്തിന്റെ അന്നുതന്നെ കളിമണ്ണുകൊണ്ട് തൃക്കാക്കരയപ്പന്‍, കലം, കുടം, ചിരവ, ആട്ടുകല്ല്, അമ്മികല്ല് എന്നിവയുടെ മാതൃകകളും ഉണ്ടാക്കും. ഇത് എന്നും വെയിലത്തുവച്ച് നന്നായി ഉണക്കും. പതുക്കെ ഉണങ്ങി വരുമ്പോള്‍ ചെത്തി കുടുതല്‍ ഭംഗിവരുത്തും. അതിനുശേഷം ഇഷ്ടിക പൊടിച്ച് വെള്ളത്തില്‍ കലക്കി അതില്‍ ഇവയെ മുക്കി വച്ച് ചുവപ്പുനിറമാക്കി ഉണക്കിഎടുക്കം. ഈരൂപങ്ങളില്‍ അരിമാവ് കലക്കി വെളുത്ത ചുട്ടി കുത്തും. ഓണത്തിന് രണ്ടോ മൂന്നോ ദിവസം മുമ്പ് മുറ്റത്ത് കളമിടുന്ന സ്ഥലത്തിനു മുന്നിലായി ഇഷ്ടികകൊണ്ട് മൂന്നോ അഞ്ചോ നിലകളുള്ള തറയിടും. തറയെ കളിമണ്ണ്കുഴച്ച് പൊതിയും. അതിനുശേഷം ഇഷ്ടികവെള്ളം കൊണ്ട് തേച്ച് ചുവന്ന നിറമാക്കും. തറയ്ക്ക് അതിര് (വരമ്പ്) കളിമണ്ണുകൊണ്ട് ഉണ്ടാക്കും. നാലുവശവും മാവേലിക്കു കടന്നുവരാന്‍ വാതിലിടും. മഴനനയാതിരിക്കാന്‍ പന്തലും ഇടും. പന്തലില്‍ കുരുത്തോലകൊണ്ട് തോരണം തൂക്കും. ഉത്രാടത്തിന്റെയന്ന് രാത്രി തറയില്‍ അരിമാവുകൊണ്ട് ചുട്ടിയിടും..
 തൃക്കാക്കരയപ്പന്‍മാരെയും മറ്റുരൂപങ്ങളെയും തറയിലും തറയ്ക്കുചുറ്റുമായി നിരത്തും. പറയില്‍ നെല്ല് നി‌റച്ച് അതില്‍ പൂക്കുല കുത്തിനിറുത്തും. വൈകുന്നേരം കൊത്തിയരിഞ്ഞുവച്ചിരുന്ന തുമ്പക്കുടവും, കുരുത്തോലയും തറയിലും തറയ്ക്കുചുറ്റും വഴിയിലും മറ്റുമായി നിരത്തും. മാവേലിക്കുവരാനുള്ള വഴിയാണിത്. വഴി അവസാനിക്കുന്നിടത്താണ് പൂവട ഉണ്ടാക്കി ഇലയില്‍ വയ്ക്കുന്നത് നിലവിളക്കും കത്തിച്ചു വയ്ക്കം. തിരുവോണത്തിന്റെ അന്ന് പുലര്‍ച്ചെയാണ് ഇങ്ങനെ വയ്ക്കുന്നത്.
“തെക്കേക്കര വടക്കേക്കര തുമ്പാമരംപൂത്തെ
  തുമ്പക്കടകൊണ്ട് തോണിയും തീര്‍ത്തെ
  തോണിതലപ്പത്തോരാല് മുളച്ചെ
  ആലിന്റെകൊമ്പത്തോരു ഉണ്ണിപിറന്നെ.... ആര്‍പ്പോയ് ഇര്‍റോ ഇര്‍റോ" എന്ന് ഉറക്കെവിളിച്ച് പറയും. ഇതിനെ കളം കുവുക എന്നാണ് പറയുന്നത്. അപ്പോള്‍ നാട്ടിലെ കുട്ടി കള്ളന്‍മാര്‍ പതുങ്ങി വന്ന് വിളക്ക് അണച്ച് അടകട്ടുകൊണ്ടുപോകും നമ്മളാകട്ടെ മാവേലി വന്നതായി സങ്കല്‍പ്പിക്കും...
 അപ്പോ എല്ലാവര്‍ക്കും  ഓണാശംസകള്‍...

No comments:

Post a Comment

About us